ന്യൂഡൽഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിർത്തി പകരം വിബി ജി റാം ജി പദ്ധതി കൊണ്ടുവന്നത് ബിജെപിയുടെ ആലോചിച്ചുറപ്പിച്ച തന്ത്രം.
വിവിധ ക്ഷേമപദ്ധതികളിൽനിന്ന് കോൺഗ്രസ്പൈതൃകം പേറുന്ന പേരുകൾ മായ്ക്കൽ ആദ്യ മോദിസർക്കാർ അധികാരത്തിൽ എത്തിയശേഷം ബിജെപി തുടർച്ചയായി ചെയ്തുവരുന്നതാണ്. എന്നാൽ, കേവലം പേരുമാറ്റത്തിനപ്പുറം മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ സ്മരണപോലും മായ്ച്ചുകളയാൻ ബിജെപി ശ്രമിച്ചതിനുപിന്നിൽ വ്യക്തമായ ഉദ്ദേശ്യങ്ങളുണ്ട്.
ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് ആവിഷ്കരിക്കപ്പെട്ട ഈ പദ്ധതി അക്കാ ലത്തെ ഏറ്റവും ജനപ്രീതിയുള്ളതും വിജയകരവുമായ പദ്ധതിയായിരുന്നു.
പേര് മാറ്റിയാൽ പോലും മുൻ യുപിഎ സർക്കാരുമാ യും മുഖ്യപ്രതിപക്ഷമായ കോൺഗ്രസുമായും ഈ പദ്ധതിക്കുള്ള പൊക്കിൾക്കൊടിബന്ധം ജനമനസ്സുകളിൽനിന്ന് പൂർണമായി മാറ്റാനാവില്ല എന്നത് തങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങൾക്ക് ഗുണമല്ലെന്ന് ബിജെപി കണക്കുകൂട്ടിയിരുന്നു. പദ്ധതിയുടെ രാഷ്ട്രീയഗുണം തങ്ങൾക്ക് ലഭിക്കുന്ന രീതിയിൽ അത് ഉടച്ചുവാർക്കണമെന്ന തീരുമാനത്തിൽ ബിജെപി എത്തിച്ചേരുകയായിരുന്നു. വരുന്ന തിരഞ്ഞെടുപ്പുപ്രചാരണങ്ങളിൽ തങ്ങളുടെ പദ്ധതിയായി വിബി ജി റാം ജി അവതരിപ്പിക്കുക എന്നതാണ് ബി ജെപിയുടെ ലക്ഷ്യം.
അവലംബം: മാതൃഭൂമി (2025 ഡിസംബർ 20)

