തൊഴിലുറപ്പ്‌ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി

പാർലമെന്റ്‌ സമിതിക്ക്‌ വിടണമെന്ന ആവശ്യം തള്ളി

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്കു പകരമായി കൊണ്ടുവന്ന വിബി ജി റാം ജി ബിൽ (തൊഴിലുറപ്പ്‌ ഭേദഗതി ബിൽ) ലോക്‌സഭ പാസാക്കി. പാർലമെന്റിന്റെ സ്‌റ്റാൻഡിംഗ്‌ കമ്മിറ്റിക്കോ സംയുക്ത പാർലമെന്ററി സമിതിക്കോ വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം സ്‌പീക്കർ നിരാകരിച്ചതോടെയാണ്‌ ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്‌.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിക്ക്‌ തുടക്കത്തിൽ മഹാത്മാഗാന്ധിയുടെ പേര്‌ നൽകിയിരുന്നില്ലെന്നും 2009ലെ തെരഞ്ഞെടുപ്പുവേളയിലാണ്‌ യുപിഎ സർക്കാർ ആ പേര്‌ നൽകിയതെന്നും മന്ത്രി ശിവരാജ്‌സിങ്‌ ചൗഹാൻ ആരോപിച്ചു.

ലോക്‌സഭ ഇന്നലെ പാസാക്കിയ ബില്ല്‌ പ്രകാരം, ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന ബജറ്റിനുള്ളിൽ പദ്ധതിക്കുള്ള ധനവിഹിതം നിജപ്പെടുത്തും. അതോടെ, പദ്ധതിയിൽ രജിസ്‌റ്റർ ചെയ്യുന്നവരുടെ എണ്ണം കൂടിയാൽ സംസ്ഥാനങ്ങൾക്ക്‌ കേന്ദ്രത്തിൽനിന്നും കൂടുതൽ വിഹിതം ആവശ്യപ്പെടാൻ കഴിയുന്ന നിലവിലെ സ്ഥിതി ഇല്ലാതാകും. തൊഴിൽ ദിനങ്ങളുടെ എണ്ണം 100ൽനിന്നും 125 ആക്കി ഉയർത്തുന്നുവെന്ന ബില്ലിലെ പ്രഖ്യാപനം ഫലത്തിൽ ഇല്ലാതാകും. ലഭ്യമായ ധനവിഹിതത്തിനനുസരിച്ച്‌ തൊഴിലാളികളുടെയും തൊഴിൽദിനങ്ങളുടെയും എണ്ണം പരിമിതപ്പെടുത്താൻ സംസ്ഥാന സർക്കാരുകൾ നിർബന്ധിതരാകും. പദ്ധതി ചെലവിനായി ഇതുവരെ തുടർന്നുവന്ന കേന്ദ്ര‐സംസ്ഥാന അനുപാതം 90:10 എന്നത്‌ ഇനി മുതൽ 60:40 ആകുന്നതോടെ സംസ്ഥാനങ്ങൾക്ക്‌ ഭാരിച്ച നിലയിൽ തുക കണ്ടെത്തേണ്ടതായും വരും. ബില്ല്‌ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാഴാഴ്‌ച പാർലമെൻറ്‌ വളപ്പിൽ പ്രതിപക്ഷ എംപിമാർ പ്രതിഷേധ റാലി നടത്തി.

സ്വന്തം ലേഖകൻ

Leave a Comment

Your email address will not be published. Required fields are marked *